
കൊച്ചി: സ്വാര്‍ഥതയും പണത്തോടുള്ള ആസക്തിയും കുടുംബ ജീവിതത്തിന്റെ താളം തെറ്റിക്കുന്ന വൈകാരിക മുഹൂര്‍ത്തങ്ങളിലേക്ക് വിരല്‍ ചൂണ്ടിയ ‘ഞാന്‍ കര്ണ്ണന്’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം കൊച്ചിയില്‍ തുടങ്ങി.

ദാമ്ബത്യ ജീവിതത്തിലെ സ്വരച്ചേര്‍ച്ചകളുടെ കഥയൊരുക്കിയതിലൂടെ ഏറെ പ്രേക്ഷക ശ്രദ്ധ കിട്ടിയ ചിത്രമായിരുന്നു ‘ഞാന്‍ കര്ണ്ണന്’ ശ്രിയാ ക്രിയേഷന്‍സിന്റെ ബാനറില്‍ ഡോ. ശ്രീചിത്ര പ്രദീപാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രദീപ് രാജാണ് ചിത്രത്തിന്റെ നിര്‍മാതാവ്. ആദ്യഭാഗത്തിന് കഥയും തിരക്കഥയും ഒരുക്കിയ മുതിര്‍ന്ന എഴുത്തുകാരന് എം.ടി. അപ്പനാണ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനും കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിട്ടുള്ളത്.
സിനിമ പൂര്‍ണ്ണമായും കുടുംബ ബന്ധങ്ങളുടെ കഥയാണ് പറയുന്നതെന്ന് സംവിധായിക ഡോ. ശ്രീചിത്ര പ്രദീപ് പറഞ്ഞു. നമ്മുടെ ജീവിതപരിസരം ഒത്തിരി മാറി. സമൂഹത്തിലെ മാറ്റങ്ങള്‍ കുടുംബത്തിലും പ്രകടമായി. ബന്ധങ്ങളിലെ വൈകാരിക അടുപ്പം പൂര്‍ണമായും ഇല്ലാതായി. ഇതിനിടെ കുടുംബത്തിന് വേണ്ടി എല്ലാം ത്യജിച്ച് ഉരുകി തീരുന്ന എത്രയോ മനുഷ്യര്‍ നമുക്ക് ചുറ്റിനുമുണ്ട്.
സ്വാര്‍ഥതയും പണാസക്തിയും മനുഷ്യനെ നശിപ്പിക്കുകയാണ്. ഇങ്ങനെ കുടുംബ ബന്ധങ്ങളില്‍ നടക്കുന്ന അതി വൈകാരിക മുഹൂര്‍ത്തങ്ങളെയാണ് ചിത്രം ചര്‍ച്ച ചെയ്യുന്നതെന്ന് സംവിധായിക പറഞ്ഞു. ശിഥില കുടുംബ ബന്ധങ്ങളുടെ അവസ്ഥയും മനശാസ്ത്ര തലത്തില്‍ ഈ ചിത്രം വിശകലനം ചെയ്യുന്നുണ്ടെന്ന് തിരക്കഥാകൃത്ത് എം.ടി. അപ്പന് പറഞ്ഞു.
ടി.എസ്. രാജു, ടോണി, പ്രദീപ് രാജ്, ഡോ. ശ്രീചിത്ര പ്രദീപ്, മുരളി കാക്കനാട്, ജിതിന് ജീവന്, രമ്യ രാജേഷ്, മനീഷ മനോജ്, കീഴില്ലം ഉണ്ണികൃഷ്ണ മാരാര്‍, ജിബിന്‍ ടി.ജോര്‍ജ്, ബേബി ശ്രിയാപ്രദീപ്, സാവിത്രിപിള്ള, എന്നിവരാണ് അഭിനേതാക്കള്‍.
ക്യാമറ- ഹാരി മാര്ട്ടിന്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- നിഖില്‍ അഗസ്റ്റിന്, അസോസിയേറ്റ് ഡയറക്ടേഴ്സ്- അനീഷ് സിനി, സബിന്‍ ആന്റണി, സനീഷ് ബാല, മേക്കപ്പ്- മേരി തോമസ്, കോസ്റ്റ്യം സ്റ്റെഫി എം. എക്സ്, കൊറിയോഗ്രാഫര്‍- രാഖി പാര്‍വ്വതി, പിആര്‍ഒ- പി.ആര്. സുമേരന്‍.




