
മാക്ടയും രാജഗിരി കോളേജും സംയുക്തമായി സംഘടിപ്പിക്കുന്ന മാക്ട റിഫ് ഫിലിം ഫെസ്റ്റിവല്‍ കാക്കനാട് രാജഗിരി കോളേജില്‍ ആരംഭിച്ചു.സംവിധായകൻ ബ്ലെസി ഉദ്ഘാടനം നിർവഹിച്ച ഫെസ്റ്റിവലില്‍ കെ.ജി. ജോർജ് സംവിധാനം ചെയ്ത പഞ്ചവടിപ്പാലം ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിച്ചു.

കെ.ജി. ജോർജിന്റെ ചരമ വാർഷിക ദിനമായ സെപ്തംബർ 24-ന് നടന്ന ചടങ്ങില്‍ കെ.ജി. ജോർജിന്റെ മകള്‍ താരാ ജോർജും സന്നിഹിതയായിരുന്നു. കെ.ജി. ജോർജിന്റെ പുസ്തക ശേഖരത്തില്‍ നിന്നുള്ള പുസ്തകങ്ങള്‍ താര ജോർജ്, മാക്ട ചെയർമാൻ ജോഷി മാത്യുവിന് കൈമാറി.
മാക്ടയില്‍ സൂക്ഷിച്ചിരുന്ന ജോർജിന്റെ ആദ്യചിത്രമായ സ്വപ്നാടനത്തിന് ലഭിച്ച ദേശീയ അവാർഡിന്റെ സർട്ടിഫിക്കറ്റ് പ്രശസ്ത ഗാനരചയിതാവും മാക്ട യുടെ ആദ്യകാല പ്രവർത്തകരില്‍ പ്രമുഖനുമായ ഷിബു ചക്രവർത്തി താരാ ജോർജിന് ചടങ്ങില്‍ വച്ച് നല്കി.
റവ. ഫാദർ ഡോക്ടർ ബെന്നി നാല്‍ക്കര അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ അമ്മ ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരൻ, രാജഗിരി കോളേജ് അനിമേഷൻ ആന്റ് ഗ്രാഫിക് ഡിസൈൻ വിഭാഗം പ്രിൻസിപ്പല്‍ ലാലി മാത്യു, ഡിപ്പാർട്ട്മെന്റ് മേധാവി എ.സി. രഞ്ജു, ആർസിഎംഎഎസ് ഡയറക്ടർ റവ. ഫാദർ ഡോക്ടർ മാത്യു വട്ടത്തറ, മാക്ട ജനറല്‍ സെക്രട്ടറി ശ്രീകുമാർ അരൂക്കുറ്റി, മാക്ട ട്രഷറർ സജിൻലാല്‍, ജോയിന്റ് സെക്രട്ടറി സോണി സായി, നിർവാഹക സമിതി അംഗങ്ങളായ വേണു ബി. നായർ, ബാബു പള്ളാശ്ശേരി, എ.എസ്. ദിനേശ്, ഷാജി പട്ടിക്കര, സംവിധായകരായ ആദം അയൂബ്, കെ.ജെ. ബോസ്, കാമറാമാൻ ടി.ജി. ശ്രീകുമാർ തുടങ്ങിയവരും പങ്കെടുത്തു.
രാജഗിരിയിലേയും മറ്റു കാമ്ബസുകളിലേയും തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികള്‍ ഡെലിഗേറ്റുകളാകുന്ന മൂന്ന് ദിവസത്തെ ചലച്ചിത്രമേളയില്‍ മാക്ട യിലെ ക്ഷണിക്കപ്പെട്ട അംഗങ്ങളും പങ്കെടുക്കുന്നുണ്ട്.




