ധനുഷ് നായകനായ ‘രാഞ്ജാന’ ചിത്രത്തിന്റെ ക്ലൈമാക്സ് എഐ സഹോയത്തോടെ മാറ്റിയശേഷം റീ റിലീസ് ചെയ്തതില്‍ അതൃപ്തി പ്രകടിപ്പിച്ച്‌ താരം.

alternatetext

ചിത്രത്തിന്റെ സംവിധായകൻ ആനന്ദ് എല്‍. റായി രംഗത്തെത്തിയതിനു പിന്നാലെയാണിപ്പോള്‍ ധനുഷിന്റെ പ്രതികരണവും വരുന്നത്. മാറ്റം വരുത്തിയ പുതിയ ക്ലൈമാക്‌സ് സിനിമയുടെ ആത്മാവിനെത്തന്നെ ഇല്ലാതാക്കിയെന്ന് ധനുഷ് പറഞ്ഞു.

alternatetext

ധനുഷും സോനം കപൂറും പ്രധാന വേഷത്തിലെത്തിയ 2013 ല്‍ റിലീസ് ചെയ്ത റൊമാന്റിക് ചിത്രം രാഞ്ജാനയാണ് വീണ്ടും മാറ്റങ്ങളോടെ റിലീസ് ചെയ്തത്. ഇരു മതങ്ങളില്‍പ്പെട്ടവരുടെ പ്രണയം പറയുന്ന ചിത്രം ദുഃഖപര്യവസായിയായിരുന്നു. ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ പ്രതികരണവുമായി ധനുഷ് എത്തി. സിനിമയുടെ മാറ്റം വരുത്തിയ പതിപ്പ് തന്നെ പൂർണമായും അസ്വസ്ഥനാക്കിയെന്ന് ധനുഷ് പറഞ്ഞു. തന്റെ എതിർപ്പ് അവഗണിച്ചാണ് നിർമാതാക്കള്‍ പുതിയ പതിപ്പിന്റെ റിലീസുമായി മുന്നോട്ടുപോയത്. 12 വർഷം മുൻപ് ഞാൻ അഭിനയിക്കാൻ സമ്മതിച്ച സിനിമ ഇതല്ലെന്നും അദ്ദേഹം പറഞ്ഞു.

“സിനിമകളിലോ മറ്റ് ഉള്ളടക്കങ്ങളിലോ മാറ്റം വരുത്താൻ എഐ ഉപയോഗിക്കുന്നത് കലയ്ക്കും കലാകാരന്മാർക്കും ഒരുപോലെ ആശങ്കയുണ്ടാക്കുന്ന ഒരു കീഴ്‌വഴക്കമാണ്. ഇത് കഥപറച്ചിലിൻ്റെ ആത്മാർത്ഥതയ്ക്കും സിനിമയുടെ പാരമ്ബര്യത്തിനും ഭീഷണിയാണ്. ഭാവിയില്‍ ഇത്തരം പ്രവൃത്തികള്‍ തടയുന്നതിനായി കർശനമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്ന് ഞാൻ ആത്മാർത്ഥമായി പ്രതീക്ഷിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.

ചിത്രത്തിന്റെ ക്ലൈമാക്സിന് നിർമിത ബുദ്ധിയുടെ സഹായത്തോടെ ഒരു ഹാപ്പി എൻഡിങ് നല്‍കിയാണ് റീ റിലീസ് ചെയ്തത്. അംബികാപതി എന്ന പേരില്‍ തമിഴിലും, രാഞ്ജന എന്ന പേരില്‍ ഹിന്ദിയിലുമാണ് ചിത്രം റിലീസ് ചെയ്തത്. നിർമാതാക്കളായ ഇറോസ് ഇന്റർനാഷണല്‍ ഇങ്ങനെയൊരു മാറ്റം സിനിമയില്‍ വരുത്തുന്നത് താനറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നാരോപിച്ച്‌ സംവിധായകൻ ആനന്ദ് എല്‍. റായിയാണ് ആദ്യം വിമർശനവുമായെത്തിയത്. ഇത്തരത്തിലുള്ള ഡിസ്റ്റോപ്പിയൻ പരീക്ഷണത്തില്‍ നിന്ന് വിട്ടുനില്‍ക്കുക മാത്രമാണ് എനിക്ക് ചെയ്യാൻ സാധിക്കുന്നതെന്ന് ആനന്ദ് എല്‍ റായിപ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയ്ക്ക് വിഷയത്തില്‍ നല്‍കിയ പ്രതികരണത്തില്‍ പറഞ്ഞു.