
കൊച്ചി: മോളിവുഡില്‍ തുടക്കം കുറിക്കുന്ന ക്രൗണ്‍ സ്റ്റാർസ് എന്റർടെയ്ൻമെന്റിന്റെ നിർമാണത്തില്‍ സുഭാഷ് ലളിത സുബ്രഹ്മണ്യൻ സംവിധാനം ചെയ്യുന്ന ‘കറക്കം’ എന്ന ചിത്രത്തിന്റെ ടൈറ്റില്‍ മോഷൻ പോസ്റ്റർ പുറത്തിറങ്ങി.

അമാനുഷികമായ സംഭവവികാസങ്ങളും, ഹൊറർ കോമഡിയും നിറഞ്ഞ ഒരു ചിത്രമാണ് ‘ കറക്കം’ എന്ന സൂചനയാണ് ടൈറ്റില്‍ മോഷൻ പോസ്റ്ററില്‍നിന്നും ലഭിക്കുന്നത്. കഥാ പശ്ചാത്തലം കൊണ്ട് വ്യത്യസ്തമായ ചിത്രത്തിലൂടെ മലയാള സിനിമക്ക് രണ്ട് പുതിയ നിർമാതാക്കളെയാണ് ലഭിക്കുന്നത്.
ദേശീയ അന്തർദേശീയ തലങ്ങളില്‍ എന്നും ശ്രദ്ധനേടുന്ന മലയാളം സിനിമാ ലോകത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് കിംബെർളിയും അങ്കുഷും പറഞ്ഞു. തങ്ങളുടെ ബാനറായ ക്രൗണ്‍ സ്റ്റാർസിന്റെ മലയാള സിനിമ ലോകത്തേക്കുള്ള ആദ്യ ചുവടുവെപ്പ് മാത്രമാണ് ‘കറക്ക’മെന്നും, ഇനിയും പല ജോണറുകളിലുള്ള ചിത്രങ്ങള്‍ നിർമിക്കാൻ പദ്ധതിയുണ്ടെന്നും അവർ വ്യക്തമാക്കി.
ധനുഷ് വർഗീസ് രചിച്ച കഥയെ അടിസ്ഥാനമാക്കി ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിർവഹിച്ചിരിക്കുന്നത് നിപിൻ നാരായണനും സുഭാഷ് ലളിത സുബ്രഹ്മണ്യനും അർജുൻ നാരായണനും ചേർന്നാണ്. ശ്രീനാഥ് ഭാസി, സിദ്ധാർഥ് ഭരതൻ, ഫെമിന ജോർജ്, ജീൻ പോള്‍ ലാല്‍, ബിജുകുട്ടൻ, മണികണ്ഠൻ ആചാരി എന്നിവരോടൊപ്പം ലെനാസ് ബിച്ചു, ഷോണ്‍ റോമി, ശാലു റഹിം, മനോജ് മോസസ്, കെയിൻ സണ്ണി, ശ്രാവണ്‍, വിഷ്ണു രഘു, വിനീത് തട്ടില്‍, മിഥുൻ (മിഥുട്ടി) എന്നിവരും അണിനിരക്കുന്നു.
ജിതിൻ സി.എസ്. സഹസംവിധായകനായി പ്രവർത്തിക്കുന്ന ചിത്രത്തിന് ബബ്ലു അജു ഛായാഗ്രഹണവും നിതിൻ രാജ് അരോള്‍ എഡിറ്റിങ്ങും നിർവഹിക്കുന്നു. കലാസംവിധാനം നിർവഹിച്ചിരിക്കുന്നത് രാജേഷ് പി. വേലായുധനാണ്. റിന്നി ദിവാകറാണ് പ്രൊഡക്ഷൻ കണ്‍ട്രോളർ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ പ്രശോഭ് വിജയനും ക്രിയേറ്റീവ് പ്രൊഡ്യൂസർ മോഹിത് ചൗധരിയുമാണ്. വസ്ത്രാലങ്കാരം മെല്‍വി ജെയും, ആർ.ജി. വയനാടൻ മേക്കപ്പും ഒരുക്കുന്നു. കൊറിയോഗ്രാഫി ചെയ്തിരിക്കുന്നത് ശ്രീജിത് ഡാൻസിറ്റി. ഡിടിഎം സ്റ്റുഡിയോയാണ് വിഎഫ്‌എക്സ് കൈകാര്യം ചെയ്തിരിക്കുന്നത്. സൗണ്ട് ഡിസൈൻ നിർവഹിച്ചിരിക്കുന്നത് അരവിന്ദ് എയൂഒ2. പ്രൊമോ എഡിറ്റിങ് ഡോണ്‍ മാക്സും പബ്ലിസിറ്റി ഡിസൈൻ യെല്ലോട്ടൂത്ത്സുമാണ് ചെയ്തിരിക്കുന്നത്. മാർക്കറ്റിങ്ങും കമ്യൂണിക്കേഷനും കൈകാര്യം ചെയ്യുന്നത് ഡോ. സംഗീത ജനചന്ദ്രനാണ് (സ്റ്റോറീസ് സോഷ്യല്‍). പിആർഒ: എ.എസ്. ദിനേശ്.




