
ടിക്കി ടാക്കയില്‍ ആസിഫ് അലിക്കൊപ്പം നസ്ലിനുമുണ്ടാകും എന്ന റിപ്പോർട്ടുകള്‍ വലിയ ആവേശത്തോടെയാണ് ആരാധകർ സ്വീകരിച്ചത്.

ഇപ്പോഴിതാ, നടന്റെ കഥാപാത്രത്തിന്റെ ഒരു സ്റ്റില്‍ പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ രോഹിത്ത് വി.എസ്. കയ്യില്‍ തോക്കുമായി കടല്‍ത്തീരത്ത് നില്‍ക്കുന്ന നസ്ലിനെയാണ് ചിത്രത്തില്‍ കാണാനാകുന്നത്.
സ്റ്റില്‍ പുറത്തുവന്ന് നിമിഷനേരം കൊണ്ട് ചിത്രം വൈറലായി. നിരവധി ആരാധകരാണ് ചിത്രം പങ്കുവെച്ചത്. ഒട്ടേറെ കമന്റുകളുമുണ്ട്. ‘റോസാപ്പൂ കയ്യില്‍ തുപ്പാക്കി വിളയാടി’ എന്നായിരുന്നു ഒരു കമന്റ്. നസ്ലിൻ ട്രാക്ക് മാറ്റിയെന്നും പുതിയ വേഷപ്പകർച്ച കണ്ട ആരാധകരില്‍ ചിലർ കമന്റിട്ടു.
‘കള’ എന്ന ടൊവിനോ ചിത്രത്തിന് ശേഷം രോഹിത്ത് വി.എസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ടിക്കി ടാക്ക’. ആസിഫ് അലിയാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആസിഫ് അലിയുടെ കരിയറിലെ ഏറ്റവും വലിയ ബജറ്റുള്ള ചിത്രമാണ് ഈ ആക്ഷൻ എന്റർടെയിനർ.
അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ, ഇബ്ലീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആസിഫ് അലിയും രോഹിത്ത് വി.എസും വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ‘ടിക്കി ടാക്ക’യ്ക്കുണ്ട്. ഹരിശ്രീ അശോകൻ, ലുക്മാൻ അവറാൻ, വാമിക ഖബ്ബി,സഞ്ജന നടരാജ്, സന്തോഷ് പ്രതാപ് എന്നിവരും ചിത്രത്തിലുണ്ട്.




