
പ്രണയ ജോഡികളായ റാമിനെയും ജാനുവിനെയും വീണ്ടും സ്ക്രീനില്‍ കാണാനൊരുങ്ങുകയാണ് ആരാധകർ. പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ 2018ലെ ബ്ലോക്ക്ബസ്റ്റർ ചിത്രമായ ’96’ (96 Sequel) ന്റെ രണ്ടാം ഭാഗത്തിന്റെ തിരക്കഥ പൂർത്തിയായി.

സംവിധായകന് സി പ്രേംകുമാര്‍ തന്നെയാണ് 96ന്റെ തിരക്കഥ പൂർത്തിയായിട്ടുണ്ടെന്ന വാർത്ത സ്ഥിരീകരിച്ചത്.
ഒരു തമിഴ് മാധ്യമത്തിന് നല്കിയ അഭിമുഖത്തിനിടെ ഗായിക ചിന്മയി, പ്രേംകുമാറുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 96ന്റെ തിരക്കഥ പൂര്‍ത്തിയായതായും, ഇപ്പോള്‍ മറ്റൊരു പ്രൊജക്ടിന്റെ ഒരുക്കത്തിലാണെന്നും സംവിധായകൻ വെളിപ്പെടുത്തി.
96 , മെയ്യഴകൻ എന്നീ രണ്ട് സിനിമകളാണ് പ്രേംകുമാറിന്റേതായി പുറത്ത് വന്നത്. ഇരു സിനിമകളും ബ്ലോക്ക്ബസ്റ്റർ ഹിറ്റുകള്‍. ഇതില്‍ 96 എന്ന ചിത്രം എക്കാലത്തെയും മികച്ച പ്രണയചിത്രങ്ങളില്‍ ഒന്നായിട്ടാണ് കണക്കാക്കപ്പെടുന്നത്. 2018-ല്‍ പുറത്തിറങ്ങിയ ’96’ ചിത്രത്തില്‍ വിജയ് സേതുപതിയും തൃഷയും പ്രധാന കഥാപാത്രങ്ങളായാണ് എത്തിയത്. ഗൗരി ജി കിഷന്, ആദിത്യ ഭാസ്കര്‍ തുടങ്ങിയ പുതുമുഖങ്ങളായിരുന്നു ഇരുവരുടേയും ബാല്യകാലം അവതരിപ്പിച്ചത്.
1996ല്‍ പാസായ സ്കൂള്‍ കൂട്ടുകാരുടെ ഒരു റി യൂണിയനിലാണ് ചിത്രം തുടങ്ങുന്നത്. ഈ റി യൂണിയനില്‍ സ്കൂള്‍ കാലഘട്ടത്തിലെ പ്രണയിനികളായ റാമും, ജാനുവും വീണ്ടും കണ്ടുമുട്ടുകയും അവരുടെ ജീവിതത്തില്‍ ഉണ്ടാകുന്ന നാടകീയമായ മറ്റു കാര്യങ്ങളുമാണ് സിനിമ പറയുന്നത്. 96 ചിത്രം പ്രേക്ഷകരില്‍ നിന്നും നിരൂപകരില്‍ നിന്നും വലിയ കൈയ്യടി നേടിയിരുന്നു. പിന്നീട് ഇത് കന്നഡത്തില്‍ ’99’ എന്ന പേരിലും, തെലുങ്കില്‍ ‘ജാനു’ എന്ന പേരിലും റീമേക്ക് ചെയ്തു.
’96’ന്റെ രണ്ടാം ഭാഗം ആകാംക്ഷയോടെ കാത്തിരിക്കുന്ന ആരാധകർക്ക് പുതിയ അപ്ഡേറ്റ് വലിയ സന്തോഷവാർത്തയാണ്. താരസംഘവും കഥാപശ്ചാത്തലവും സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഉടനെ പുറത്തുവരാനാണ് സാധ്യത.




