
ഒരിടവേളയ്ക്ക് ശേഷം മോഹൻലാല്‍ എന്ന നടന് വൻ ഹിറ്റുകള്‍ സമ്മാനിച്ച വർഷമാണ് 2025. ഇതുവരെ റിലീസ് ചെയ്ത രണ്ട് സിനിമകളും ബ്ലോക് ബസ്റ്റർ ഹിറ്റുകളാകുക മാത്രമല്ല ഇൻസ്ട്രി ഹിറ്റായും മാറി.ഇപ്പോഴിതാ നടന്റെ ഒരു റീ റിലീസ് ചിത്രവും ആഘോഷിക്കപ്പെടുകയാണ്.

മോഹൻലാല്‍-അൻവർ റഷീദ് ടീമിന്റെ സൂപ്പർഹിറ്റ് ചിത്രം ഛോട്ടാ മുംബൈ പുത്തൻ സാങ്കേതിക വിദ്യയുടെ അകമ്ബടിയോടെ റീ റിലീസ് ചെയ്തിരിക്കുകയാണ്. 4K ഡോള്‍ബി അറ്റ്മോസില്‍ ആണ് ചിത്രം വീണ്ടും റിലീസ് ചെയ്തിരിക്കുന്നത്.
വമ്ബൻ ആഘോഷങ്ങളോടെയാണ് ആരാധകർ തലയേയും കൂട്ടരെയും വരവേല്‍ക്കുന്നത്. തിയേറ്ററില്‍ നിന്നുള്ള ആഘോഷങ്ങളുടെ വീഡിയോ പലരും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുന്നുണ്ട്. ചിത്രത്തിലെ മോഹൻലാലിന്റെ ഇൻട്രോ സീനിലെ ആരാധകരുടെ ആരവങ്ങളുടെ വീഡിയോകളും ഷെയർ ചെയ്യപ്പെടുന്നുണ്ട്. ചിത്രത്തിന് കേരളത്തിലുടനീളം മികച്ച ബുക്കിംഗ് ആണ് ലഭിക്കുന്നത്.വല്ല്യേട്ടനെയും ദേവദൂതനെയും വീഴ്‍ത്തിയാണ് ചിത്രം കളക്ഷനില്‍ മുന്നേറുന്നത്. ടിക്കറ്റ് വില്‍പനയിലും ട്രെൻഡിംഗിലാണ് ചിത്രം. സോഷ്യല്‍മീഡിയയില്‍ ഒന്നാകെ ഛോട്ടോ മുംബൈയുടെ ചർച്ചയാണ് നിറയുന്നത്. റീ റിലീസില്‍ സ്‍ഫടികത്തിന്റെയും മണിച്ചിത്രത്താഴിന്റെയും പിന്നിലാണ് ഛോട്ടാ മുംബൈയുടെ ഇടം
റീറിലീസ് ചെയ്ത ചിത്രം ആദ്യ ദിനം നേടിയത് 40 ലക്ഷം രൂപയുടെ ഓപ്പണിങ് കളക്ഷനാണ്. തിരഞ്ഞെടുക്കപ്പെട്ട തിയറ്ററുകളില്‍ മാത്രമാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. അവയില്‍ നിന്നാണ് ഇത്രയും മികച്ച പ്രതികരണം ചിത്രം നേടുന്നത്. 2007ല്‍ അൻവർ റഷീദ് സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ രചന ബെന്നി പി നായരമ്ബലമാണ് നിർവഹിച്ചത്. മണിയൻ പിള്ള രാജു നിർമ്മിച്ച ചിത്രം 4k ഡോള്‍ബി അറ്റ്മോസില്‍ റിമാസ്റ്ററിലാണ് തിയേറ്ററലെത്തിയത്.
‘തല’ എന്ന് സുഹൃത്തുകള്‍ വിളിക്കുന്ന വാസ്കോ ഡ ഗാമ എന്ന കഥാപാത്രത്തെയാണ് മോഹൻലാല്‍ ചിത്രത്തില്‍ അവതരിപ്പിച്ചത്. ഭാവന, കലാഭവൻ മണി, വിനായകൻ, ജഗതി, രാജൻ പി ദേവ്, സിദ്ദിഖ്, ബിജുക്കുട്ടൻ, മണിക്കുട്ടൻ, സായ്കുമാർ എന്നിവരൊക്കെ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചു. സ്ഫടികം, ദേവദൂതൻ, മണിച്ചിത്രത്താഴ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രീ-റിലീസ് ചെയ്യുന്ന മോഹൻലാല്‍ ചിത്രമാണ് ഛോട്ടാ മുംബൈ.




