
ടൊവിനോ തോമസ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘നരിവേട്ട’. ചിത്രം റിലീസിന് ഒരുങ്ങുകയാണ്. അനുരാജ് മനോഹർ ആണ് ചിത്രത്തിൻ്റെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്.

ഇപ്പോഴിതാ മേയ് 23-ന് ആഗോള റിലീസായി എത്തുന്ന ചിത്രത്തിന്റെ ടിക്കറ്റ് ബുക്കിങ് ഓണ്‍ലൈൻ സൈറ്റുകളിലിപ്പോള്‍ ആരംഭിച്ചിരിക്കുകയാണ്.
ചിത്രത്തിന്റെ ട്രെയ്ലർ, ഗാനങ്ങള്‍ എന്നിവയെല്ലാം ഇതിനോടകം സൂപ്പർ ഹിറ്റായി മാറിയിരിക്കുകയാണ്. ‘മിന്നല്‍വള…’ എന്ന വരികളോടെയാരംഭിക്കുന്ന ഗാനമായിരുന്നു ചിത്രത്തിന്റെതായി ആദ്യമായി പുറത്തിറങ്ങിയ പാട്ട്. റൊമാന്റിക് പശ്ചാത്തലത്തില്‍ ഒരുക്കിയ ഗാനത്തിന് തൊട്ട് പിന്നാലെയാണ് ‘ആട് പൊൻ മയിലേ…’ എന്ന ട്രൈബല്‍ ഗാനം പുറത്തിറങ്ങിയത്.
അതേസമയം ചിത്രത്തിന് ആവേശവും പ്രതീക്ഷയും ഉണർത്തുന്ന വിധത്തിലാണ് റാപ്പർ വേടൻ പാടിയ ‘വാടാ വേടാ…’ എന്ന പ്രോമോ ഗാനം കൂടി ചിത്രത്തിന്റെതായി ചൊവ്വാഴ്ച പുറത്തെത്തിയത്. വിവാദങ്ങള്‍ക്ക് ശേഷം വേടൻ പാടുന്ന ഏറ്റവും പുതിയ സിനിമഗാനത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ചിത്രത്തിന്റെ പ്രതീക്ഷകളെ ഉയർത്തുന്ന വിധത്തിലാണ് ഈ മൂന്ന് ഗാനങ്ങളും മികച്ച അഭിപ്രായം നേടുന്നത്.
സുരാജ് വെഞ്ഞാറമൂടും പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ചേരനും ചിത്രത്തിലെ നിർണ്ണായകമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മറവികള്‍ക്കെതിരായ ഓർമയുടെ പോരാട്ടം’ എന്ന ടാഗ്ലൈനോടെ എത്തുന്ന ചിത്രം അതിജീവനത്തിന്റെ ശക്തമായ പ്രതികരണം കൂടിയാണ് പങ്കുവെക്കുന്നത്.




