കരീന കപൂറിനൊപ്പം പൃഥ്വിരാജ് ഒന്നിക്കുന്ന ചിത്രം ‘ദായ്റ’ പ്രഖ്യാപിച്ചു; ജംഗ്ലീ പിക്ചേഴ്സും സംവിധായിക മേഘ്ന ഗുല്‍സാറും ചേര്‍ന്നാണ് ചിത്രം ഒരുക്കുന്നത്!

ജംഗ്ലീ പിക്ചേഴ്സും സംവിധായിക മേഘ്ന ഗുല്‍സാറും ഒന്നിക്കുന്ന ചിത്രം ‘ദായ്റ’ പ്രഖ്യാപിച്ചു. റാസി, തല്‍വാർ തുടങ്ങിയ ഹിറ്റ് സിനിമകള്‍ക്ക് ശേഷം ഇരുവരും ഒന്നിക്കുന്നതാണ് ‘ദായ്റ’.

alternatetext

ക്രൈം – ഡ്രാമ വിഷയമായ ചിത്രത്തില്‍ കരീന കപൂർ ഖാനും പൃഥ്വിരാജ് സുകുമാരനും പ്രധാന വേഷങ്ങളില്‍ എത്തുന്നു.

ആനുകാലിക സംഭവങ്ങളുടെ നേർക്കാഴ്ച്ചയാണ് ദായ്റ. കുറ്റം, ശിക്ഷ, നീതി എന്നിവയുടെ കാലാതീതമായ വൈരുദ്ധ്യത്തെക്കുറിച്ച്‌ ഈ ചിത്രം പറയുന്നു. ഹിന്ദി സിനിമയില്‍ 25 വർഷം പിന്നിടുന്ന കരീന കപൂർ ഖാൻ ഈ ചിത്രത്തെക്കിറിച്ച്‌ ഏറെ ആവേശത്തോടെയാണ് പറയുന്നത്.

“മേഘ്ന ഗുല്‍സാറുമൊന്നിച്ച്‌ ഒരു ചിത്രം ചെയ്യുന്നതില്‍ ഞാൻ വളരെ ആവേശഭരിതയാണ്. അതോടൊപ്പം പൃഥ്വിരാജിന്റെ കൂടെ പ്രവർത്തിക്കാനുള്ള അവസരവും ഈ സിനിമയിലേക്ക് എന്നെ ആകർഷിച്ച ഘടകങ്ങളിലൊന്നാണ്. ഈ ചിത്രത്തിന്റെ പ്രമേയം ഏറെ പ്രചോദനം നല്‍കി. ദായ്റ മികച്ച ഒരു സിനിമാറ്റിക്ക് അനുഭവമായിരിക്കുമെന്ന് ഞാൻ പ്രേക്ഷകർക്ക് ഉറപ്പു നല്‍കുന്നു.

ശക്തവും കാലികവുമായ ഈ സിനിമയില്‍ മേഘ്ന, പൃഥ്വിരാജ്, ജംഗ്ലീ പിക്ചേഴ്സിലെ ടീം എന്നിവരോടൊപ്പം പ്രവർത്തിക്കാൻ ഞാൻ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്”, കരീന കപൂർ പറഞ്ഞു.

“ദായ്റ നമ്മള്‍ ജീവിക്കുന്ന സമൂഹത്തെയും നമ്മെ നയിക്കുന്ന സ്ഥാപനങ്ങളെയും കുറിച്ച്‌ ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന ഒരു കഥയാണ്. സഹ എഴുത്തുകാരായ സീമയോടും യഷിനോടുമൊപ്പം, കഥാപാത്രങ്ങളെ അനാവരണം ചെയ്യുന്നത് വെല്ലുവിളിയും ആവേശവും നിറഞ്ഞതായിരുന്നു. കരീനയും പൃഥ്വിരാജും പ്രധാന കഥാപാത്രങ്ങള്‍ക്ക് ജീവൻ നല്‍കുമ്ബോള്‍, കഥയുടെ ചലനാത്മകത കൂടുതല്‍ ഉയരും” സംവിധായിക മേഘ്ന ഗുല്‍സാർ പറഞ്ഞു.

“ദായ്‌റ നിർമ്മിക്കുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ അഭിമാനമുണ്ട്. മേഘ്നയുടെ കൈകളില്‍ ഈ ചിത്രം സുരക്ഷിതമായിരിക്കും. കരീനയും പൃഥ്വിരാജും ഉള്‍പ്പടെയുള്ള ഒരു ടീമിനെ ലഭിച്ചതില്‍ ഞങ്ങള്‍ ഭാഗ്യവാന്മാരാണ്. ഈ യാത്ര ആരംഭിക്കാൻ ഞങ്ങള്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് “, ജംഗ്ലീ പിക്ചേഴ്സിന്റെ സിഇഒ അമൃത പാണ്ഡെ കൂട്ടിച്ചേർത്തു.

മേഘ്നയ്‌ക്കൊപ്പം യഷും സീമയും ചേർന്ന് രചന നിർവഹിക്കുന്ന ഈ ചിത്രം നിലവില്‍ പ്രീ -പ്രൊഡക്ഷൻ ഘട്ടത്തിലാണ്. 2023ലെ സാം ബഹാദൂർ എന്ന സിനിമക്ക് ശേഷം മേഘ്നയുടെ അടുത്ത സംവിധാന സംരംഭമാണ് ദായ്റ. പിആർഒ – സതീഷ് എരിയാളത്ത്.