
കോലപാതകവും തുടർ പൊലീസ് അന്വേഷണവും മലയാള സിനിമയുടെ ബോക്സ് ഓഫീസിനെ വിലങ്ങ് അണിയിക്കുന്നു. ജനുവരിയില്‍ രേഖാചിത്രം ഫെബ്രുവരിയില്‍ ഓഫീസർ ഓണ്‍ ഡ്യൂട്ടി.

രണ്ട് സിനിമയിലും നായകന്മാർ പൊലീസ് ഉദ്യോഗസ്ഥർ. കുഞ്ചാക്കോ ബോബൻ എന്ന നടന്റെ കരിയറിലെ ഏറ്റവും മികച്ച ത്രില്ലർ സിനിമയായി ഓഫീസർ ഓണ്‍ ഡ്യൂട്ടി മാറുന്നു. സി.ഐ. ഹരിശങ്കറിന്റെ ഓദ്യോഗിക ജീവിതവും വ്യക്തി ജീവിതവുംകൂടി ചേരുന്നതാണ് ഓഫീസർ ഓണ്‍ ഡ്യൂട്ടി. ഹരിശങ്കറിന്റെ മാത്രമല്ല, മറ്റു പൊലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക ജീവിതവും വ്യക്തിജീവിതവും കൂടി ചേരുന്നു. ഒരു ഇരുത്തം വന്ന നടനായി സമീപകാലത്ത് കുഞ്ചാക്കോ ബോബൻ നടത്തുന്ന പരകായ പ്രവേശത്തില്‍ സി.ഐ. ഹരിശങ്കർ തീർച്ചയായുമുണ്ട്. ഫെബ്രുവരിയില്‍ മലയാള സിനിമയുടെ ഏക ഹിറ്റ് ചിത്രമായ ഓഫീസർ ഓണ്‍ ഡ്യൂട്ടി സൂപ്പർ ഹിറ്റിലേക്കുള്ള യാത്രയിലാണ്. നായാട്ടിനുശേഷം കുഞ്ചാക്കോ ബോബൻ പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രത്തിന് കെട്ടുറപ്പുള്ള തിരക്കഥ നല്‍കുന്ന സംഭാവന വലുതാണ്. ജീവിതത്തില്‍ പൊലീസുകാരനായിരുന്ന ഷാഹി കബീറിന്റെ രചനയിലാണ് ഓഫീസർ ഓണ്‍ ഡ്യൂട്ടി ഡ്യൂട്ടി നടത്തുന്നത്. ക്രൈം ത്രില്ലർ സിനിമയോട് മലയാളിക്ക് എന്നും ആഭിമുഖ്യമുണ്ട്. കുഞ്ചാക്കോ ബോബന്റെ തന്നെ അഞ്ചാംപാതിര ഒരു ഉദാഹരണം മാത്രം. സംവിധായകനായുള്ള ജിത്തു അഷ്‌റഫിന്റെ അരങ്ങേറ്റം ഗംഭീരമാകുകയും ചെയ്തു.
2025 ലെ ആദ്യ ബ്ലേക്ക്ബസ്റ്റർ ഹിറ്റയായി രേഖപ്പെടുത്തിയ രേഖാചിത്രം ആസിഫ് അലിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച ബോക്സ് ഓഫീസ് ഇനിഷ്യലാണ്. ഈ വർഷത്തെ ആസിഫ് അലിയുടെ ആദ്യ റിലീസാണ് രേഖാചിത്രം. ഈ വർഷം കുഞ്ചാക്കോ ബോബന്റെ ആദ്യ റിലീസായി ഓഫീസർ ഓണ്‍ ഡ്യൂട്ടിയും. ഡ്യൂട്ടിക്കിടയില്‍ ഓണ്‍ലൈൻ റമ്മി കളിച്ച് സസ്‌പെൻഷനിലായി നില്‍ക്കുന്ന പൊലീസ് ഉദ്യോഗസ്ഥനായ വിവേകിന്റെ വേഷമാണ് രേഖാചിത്രത്തില്‍ ആസിഫ് അലി അവതരിപ്പിച്ചത്. അയാള്‍ 40 വർഷം മുൻപ് നടന്ന ഒരു കൊലപാതകം അന്വേഷിക്കുന്നു. വേഗത്തില്‍ നീങ്ങുന്ന ഒരു ക്രൈം സസ്‌പെൻസ് ത്രില്ലറല്ല രേഖാചിത്രം. പതിഞ്ഞ താളത്തില്‍ പഴുതുകളടച്ച് മുന്നേറുന്ന ക്രൈം ഡ്രാമയാണ് രേഖാചിത്രം. സസ്‌പെൻസോ ട്വിസ്റ്റുകളോ ഇന്റർവെല്‍ പഞ്ചോ ഒന്നുമില്ലാതെ വന്ന ചിത്രം പ്രേക്ഷകരുടെ മനസില്‍ ഇടംപിടിച്ചു. ജോഫിൻ ടി. ചാക്കോയുടെ സംവിധാനവും ജോണ്‍ മന്ത്രിക്കലിന്റെ സംഭാഷണവും എല്ലാം പ്രേക്ഷകരുടെ മനസ് അറിഞ്ഞ് തയ്യാറാക്കി എന്ന് വ്യക്തം. ഈ രണ്ട് സിനിമയിലെയും നായകൻമാർ ഔദ്യോഗിക ജീവിതത്തില്‍ പ്രശ്നങ്ങള്‍ നേരിടുന്നവരായിരുന്നു എന്ന സമാനതയുണ്ട്. മലയാള സിനിമ കനത്ത പ്രതിസന്ധി നേരിടുമ്ബോള്‍ രണ്ട് ബ്ളോക്ബസ്റ്ററുകള്‍ നേടി മാർച്ച് മാസത്തിലേക്ക് കയറുന്നത് ആശ്വാസം പകരുന്നതാണ്.




