
കൊച്ചി: പ്രതികാരത്തിന്റെ കനലെരിയുന്ന ‘പണി’ ഗംഭീര ബോക്സോഫീസ് വിജയത്തോടെ ഒടിടിയില്‍ എത്തിയത് അടുത്തിടെയാണ്. ജനുവരി 16 മുതല്‍ ചിത്രം സോണി ലിവില്‍ സ്ട്രീമിംഗ് ആരംഭിച്ചിരുന്നു. തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക നിരൂപക പ്രശംസ നേടിയ ചിത്രം കുടുംബ പ്രേക്ഷകരടക്കം ഏവരും ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. ഇപ്പോഴിതാ ചിത്രം ഒടിടി പ്ലേയില്‍ ഒരേസമയം നാല് ഭാഷകളിലും ട്രെൻഡിംഗായിരിക്കുകയാണ്.

ഒടിടി പ്ലേയില്‍ ടോപ് ടെന്നില്‍ ഒരു സിനിമയുടെ തന്നെ നാല് ഭാഷകളിലുള്ള പതിപ്പുകള്‍ ഇത്തരത്തില്‍ ട്രെൻഡിംഗാവുന്നത് അപൂർവ്വതയാണ്. ഒടിടി പ്ലേ മലയാളം ട്രെൻഡിംഗ് ലിസ്റ്റില്‍ ‘പണി’യുടെ മലയാളം പതിപ്പ് ഒന്നാം സ്ഥാനത്താണ്. തെലുങ്ക് ലിസ്റ്റില്‍ അഞ്ചാമതും ഹിന്ദി ലിസ്റ്റില്‍ ഏഴാമതും തമിഴ് ലിസ്റ്റില്‍ എട്ടാമതും ഉള്‍പ്പെട്ടിരിക്കുകയാണ് ചിത്രം.
സംവിധായകനും നടനുമായ ജോജു ജോര്‍ജ്ജ് ഒരുക്കിയ ചിത്രം മികച്ച ബോക്സോഫീസ് കളക്ഷനോടെ തിയേറ്ററുകളില്‍ 50 ദിനങ്ങള്‍ പിന്നിട്ടിരുന്നു. അടുത്തിടെ ഒടിടിയിലും എത്തിയതോടെ ഗൂഗിളിലും ട്രെൻഡിംഗ് ലിസ്റ്റില്‍ ഇടം പിടിച്ചിരുന്നു. ഗൂഗിളില്‍ എന്റർടെയ്ൻമെന്റ് വിഭാഗത്തില്‍ അഖിലേന്ത്യ തലത്തില്‍ രണ്ടാമതായാണ് ‘പണി’ ഇടം നേടിയിരുന്നത്.
ഹെവി ആക്ഷൻ പാക്ക്ഡ് ഫാമിലി എന്റർടെയ്നറായി എത്തിയ ചിത്രം മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും തിയേറ്ററുകളില്‍ പ്രദർശനത്തിനായി എത്തുകയുണ്ടായി. രണ്ടര പതിറ്റാണ്ടിലേറെ പിന്നിട്ട സിനിമാ ജീവിതത്തിലെ തന്റെ അനുഭവ സമ്ബത്തുമായാണ് ‘പണി’യുമായി തിരക്കഥാകൃത്തും സംവിധായകനുമായി പ്രേക്ഷകരുടെ മുമ്ബിലേക്ക് ജോജു പണിയുമായി എത്തിയത്. ചിത്രത്തിലെ നായക വേഷവും അദ്ദേഹം മികവുറ്റതാക്കി.
ചിത്രത്തില്‍ ജോജുവിന്റെ നായികയായി എത്തിയ അഭിനയ യഥാർഥ ജീവിതത്തില്‍ സംസാരശേഷിയും കേള്‍വി ശക്തിയും ഇല്ലാത്തയാളാണ്. മികച്ച രീതിയിലാണ് തനിക്ക് ലഭിച്ച വേഷം അവർ അവതരിപ്പിച്ചത്. ചിത്രത്തില്‍ പ്രതിനായക വേഷത്തില്‍ സാഗർ സൂര്യയും ജുനൈസും കസറി. ഗായിക അഭയ ഹിരണ്മയി, പ്രശാന്ത് അലക്സ്, സുജിത് ശങ്കർ തുടങ്ങി വൻ താരനിരയും, കൂടാതെ അറുപതോളം പുതിയ താരങ്ങളും ചിത്രത്തില്‍ അഭിനയിച്ചിരുന്നു.
സാഗറും ജുനൈസും ‘പണി’യില്‍ പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിക്കുന്ന പ്രകടനമാണ് നടത്തിയത്. മലയാളം ഇതുവരെ കാണാത്ത രീതിയിലുള്ള പ്രതിനായക കഥാപാത്രങ്ങളായിരുന്നു ഇരുവരും.




