
ഇന്ത്യൻ സിനിമാ ബോക്സ് ഓഫീസ് റെക്കോഡുകള്‍ തകർത്തെറിഞ്ഞ് മുന്നേറിക്കൊണ്ടിരുന്ന അല്ലു അർജുന്റെ പുഷ്പ-2: ദി റൂള്‍ സിനിമയുടെ ഒ.ടി.ടി.

റിലീസ് തീയതി പുറത്തുവിട്ട് നെറ്റ്ഫ്ളിക്സ്. 2024 ഡിസംബർ അഞ്ചിന് തിയേറ്ററുകളില്‍ എത്തിയ ചിത്രം ഏറ്റവും കൂടുതല്‍ കളക്ഷൻ നേടുന്ന രണ്ടാമത്തെ ഇന്ത്യൻ ചിത്രം എന്ന ഖ്യാതിയോടെയാണ് ഒ.ടി.ടി.യിലേക്ക് എത്തുന്നത്. സുകുമാറിന്റെ സംവിധാനത്തില്‍ എത്തിയ ചിത്രത്തില്‍ നായികയായി രശ്മിക മന്ദനയും വില്ലനായി ഫഹദ് ഫാസിലുമാണ് എത്തിയിരുന്നത്.
തെലുഗു, ഹിന്ദി, തമിഴ്, മലയാളം, കന്നഡ, ബംഗാളി എന്നീ ഭാഷകളില്‍ റിലീസിനെത്തിയ ചിത്രം 1800 കോടിയും കടന്ന് ആഗോള ബോക്സ് ഓഫീസില്‍ വമ്ബൻ കുതിപ്പാണ് നടത്തിയത്. ആഗോള കളക്ഷനില്‍ എസ്.എസ്. രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രങ്ങളായ ‘ബാഹുബലി 2’ (1790 കോടി), ‘ആർ.ആർ.ആർ’ (1230 കോടി), പ്രശാന്ത് നീലിന്റെ ‘കെ.ജി.എഫ്: ചാപ്റ്റർ 2’ (1215 കോടി) എന്നീ സിനിമകളുടെ റെക്കോഡുകള്‍ സുകുമാറിന്റെ ‘പുഷ്പ 2: ദി റൂള്‍’ മറികടന്നിരുന്നു.
ആമിർഖാൻ ചിത്രമായ ‘ദംഗലി’ന്റെ ആഗോള കളക്ഷൻ റെക്കോഡും (2070 കോടി) പുഷ്പ തിരുത്തുമോ എന്നായിരുന്നു ആരാധകർ ആകാംഷയോടെ ഉറ്റുനോക്കിയിരുന്നത്. ഈ സമയത്താണ്, പ്രദർശനത്തിനെത്തി രണ്ട് മാസത്തോട് അടുക്കുമ്ബോള്‍ പുഷ്പ-2: ദി റൂള്‍ ഒ.ടി.ടി.യില്‍ എത്തുന്നത്. ജനുവരി 30-ന് നെറ്റ്ഫ്ളിക്സില്‍ ചിത്രം സ്ട്രീമിങ് ആരംഭിക്കുമെന്ന വിവരമാണ് അണിയറപ്രവർത്തർ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.




