
റിലീസ് ചെയ്ത് അഞ്ച് ദിവസം മാത്രം പിന്നിടവെ രാം ചരണ്‍ ചിത്രം ഗെയിം ചേഞ്ചർ അനധികൃതമായി ടി.വി ചാനലില്‍ പ്രദർശിപ്പിച്ചതായി ആരോപണം. ചിത്രത്തിന്റെ വ്യാജ പതിപ്പ് നേരത്തെ ഓണ്‍ലൈനിലും പ്രരിച്ചിരുന്നു. ഇതേ പതിപ്പ് തന്നെയാണ് ഒരു പ്രാദേശിക ചാനലിലും പ്രദർശിപ്പിച്ചതെന്നാണ് റിപ്പോർട്ട്.

ചാനലിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി നിർമാതാവ് ശ്രീനിവാസ് കുമാർ രംഗത്തെത്തി. ഒരു ട്വിറ്റർ അക്കൗണ്ടിലാണ് ചിത്രം എ.പി ലോക്കല്‍ ടി.വി എന്ന ചാനലില്‍ പ്രദർശിപ്പിച്ചതിന്റെ സ്ക്രീൻഷോട്ട് പോസ്റ്റ് ചെയ്തത്. നിർമാതാവ് ശ്രീനിവാസ കുമാറും ഇത് ഷെയർ ചെയ്തിട്ടുണ്ട്.
ഒരു സിനിമ ആയിരക്കണക്കിന് പേരുടെ സ്വപ്നമാണെന്നും മൂന്ന് നാല് വർഷത്തെ അധ്വാനമാണെന്നും ശ്രീനിവാസ കുമാർ എക്സില്‍ കുറിച്ചു. അതിനാല്‍ ഇത്തരം പ്രവർത്തികള്‍ അംഗീകരിക്കാൻ സാധിക്കില്ലെന്നും സർക്കാർ ഇടപെട്ട് കൃത്യമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
ഷങ്കർ സംവിധാനം ചെയ്ത ഗെയിം ചേഞ്ചർ ജനുവരി 10നാണ് തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. 400 കോടി ബജറ്റില്‍ എത്തിയ സിനിമയ്ക്ക് പ്രതീക്ഷിച്ച പോലുള്ള സാമ്ബത്തിക വിജയം നേടാൻ സാധിച്ചിരുന്നില്ല.
കിയാര അദ്വാനി, എസ്. ജെ. സൂര്യ, സമുദ്രക്കനി, അഞ്ജലി, നവീൻ ചന്ദ്ര, സുനില്‍, ശ്രീകാന്ത്, ജയറാം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളില്‍ ആണ് ചിത്രം ലോകമെമ്ബാടും റിലീസ് ചെയ്യുന്നത്. രാം ചരണിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായാണ് ‘ഗെയിം ചേഞ്ചർ’ ഒരുക്കിയത്.




