
സല്‍മാൻ ഖാന്റെ ബ്രഹ്മാണ്ഡ ചിത്രമായ ടൈഗര്‍ 3 യുടെ ബോക്സ്‌ഓഫിസ് റിപ്പോര്‍ട്ട് പുറത്ത്. നവംബര്‍ 12 നു തിയേറ്ററുകളില്‍ എത്തിയ ചിത്രം ആദ്യ ദിനത്തില്‍ ആഗോള തലത്തില്‍ വാരി കൂട്ടിയത് 43 കോടിയാണ്. കേരളത്തില്‍ നിന്നും ചിത്രം നേടിയത് 1.1 കോടി രൂപയാണ്. ഇന്ത്യയില്‍ 5,500 സ്ക്രീനുകളിലും വിദേശത്ത് 3400 സ്ക്രീനുകളിലുമായാണ് ടൈഗര്‍ 3 റിലീസ് ചെയ്യപ്പെട്ടത്.

ഇതോടെ ഏറ്റവുമധികം ഓപ്പണിങ് കലക്‌ഷൻ ലഭിക്കുന്ന സല്‍മാൻ ചിത്രമെന്ന റെക്കോര്‍ഡ് ഇപ്പോള്‍ സ്വന്തമാക്കിയിരിക്കുകയാണ് ടൈഗര്‍ 3. ഇതിന് മുന്‍പ് ഏറ്റവും കൂടുതല്‍ കലക്‌ഷൻ ആദ്യദിനം നേടിയ സല്‍മാന്‍ ചിത്രം ‘ഭാരത്’ ആയിരുന്നു. 42.30 കോടി നേടിയിരുന്നു അന്ന് ഭാരതിലൂടെ സല്‍മാൻ റെക്കോര്‍ഡ് ഇട്ടത്. പ്രേം രഥൻ ധൻ പായോ ആണ് മൂന്നാമത്. നാലാമത് സുല്‍ത്താനും അഞ്ചാമത് ടൈഗര്‍ സിന്ദാഹേ എന്ന ചിത്രവും. മികച്ച അഡ്വാൻസ് ബുക്കിംഗ് ആയിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്.
തിങ്കളാഴ്ചയും മികച്ച രീതിയില്‍ തന്നെയുള്ള കലക്‌ഷനാണ് ചിത്രത്തിനു ലഭിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ചിത്രത്തിലെ സ്പോയിലറുകള്‍ വെളിപ്പെടുത്തരുതെന്ന് സല്‍മാൻ ഖാൻ സാമൂഹ്യ മാധ്യമത്തിലൂടെ ആരാധകരോട് നേരത്തെ തന്നെ അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ സിനിമയിലെ പ്രധാന സര്‍പ്രൈസുകളെല്ലാം ഇപ്പോള്‍ തന്നെ പുറത്തായി കഴിഞ്ഞു.
‘ടൈഗര്‍ 3 പൂര്‍ണമായും യഷ് രാജ് സ്പൈ യൂണിവേഴ്സില്‍ വരുന്ന ആദ്യ ചിത്രമാണ്. ടൈഗര്‍ സിന്ദാ ഹേ, വാര്‍, പഠാൻ എന്നീ സിനിമകളുടെ കഥാപശ്ചാത്തലത്തിനു ശേഷം നടക്കുന്ന സംഭവങ്ങളാണ് ചിത്രം പങ്കുവെക്കുന്നത്. ഇമ്രാൻ ഹാഷ്മിയാണ് ചിത്രത്തില്‍ വില്ലൻ വേഷം അവതരിപ്പിച്ചിരിക്കുന്നത് . അശുതോഷ് റാണ, രേവതി, റിദ്ദി ദോഗ്ര, രണ്‍വീര്‍ ഷൂരേ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഷാറുഖ് ഖാന്റെ ഫാൻ എന്ന ചിത്രമൊരുക്കിയ സംവിധായകന്റെ ആദ്യ ആക്‌ഷൻ എന്റര്‍ടെയ്നര്‍ കൂടിയാണ് ടൈഗര്‍ 3.




